പകർച്ചവ്യാധി
************
ഓരോ
അവസാനത്തിലും
ഒളിച്ചിരിക്കുന്നുണ്ടാകും
ഒരു തുടക്കം
കാതോർത്ത്
കൺതുടിച്ച്
എടുത്തങ്ങു ചാടും
ഒന്നുമല്ലാതിരുന്ന
അന്ത്യത്തെ
എല്ലാമെല്ലാമായ
മറ്റൊന്നാക്കും വിധം
വ്യാപരിക്കും

മർദ്ദനനാടകങ്ങൾക്ക്
താഡനക്കലാശങ്ങൾക്ക്
പീഡനധാർഷ്ട്യങ്ങൾക്ക്
തിരിശ്ശീലയിറക്കാൻ
കൈകൾ അറച്ചുനിൽക്കുമ്പോൾ
അവിടെ
തെറിക്കുന്നകബന്ധങ്ങൾ
ഒന്നൊന്നായി അണി ചേരും
അവയൊന്നിക്കും
ഒറ്റപ്പെട്ടെങ്കിലും
ചുവന്ന രക്തനക്ഷ്ത്രങ്ങളാകും

ശേഷിക്കുന്ന
കാതോരങ്ങളിൽ
കൺ തുമ്പുകളിൽ
ഹൃത്തടങ്ങളിൽ
ചരടഴിഞ്ഞ
പട്ടങ്ങൾപോലെയവ പറക്കും

ഒളിഞ്ഞും തെളിഞ്ഞും
മനസ്സാക്ഷിക്കുത്തുകൾ
നുള്ളിയിട്ട്
ഭയപ്പാടിന്റെ
പേപ്പനികളിൽ
സമൂഹം വിറക്കും

അരാജകമാകും
കുഴിമാടങ്ങൾ
ചൊള്ള കുത്തിയ
രോദനങ്ങൾക്കവിടെ
നിരോധനമില്ല

രോഗാതുരക്ക്
കണ്ടെടുക്കുന്ന
ഔഷധക്കൂട്ടിലും
മൃഗാംശക്കലിപ്പുണ്ടെന്നിരിക്കെ

മരിക്കുന്ന മനുഷ്യത്വത്തിന്

മൃഗീയതയല്ലോ കാവലാൾ.

Comments

Popular posts from this blog