തണലിരുളുമ്പോൾ...
********************

വലിയ ആയാസമൊന്നും കൂടാതെ
ഒരു നടത്തയിലായിരുന്നു ജീവിതം.

ഏതോ തിരിവെത്തിയപ്പോൾ
വെയിൽ കത്തിച്ചു പൊള്ളിച്ച
ഒരാകാശത്തുണ്ട്
കൂടെയിറങ്ങി വന്നു
സിരക്കു താങ്ങാവതല്ലാ വിധം
അള്ളിക്കേറിയതാണ്...

അന്നേരം കണ്ടെടുത്ത
തണൽക്കുടക്ക്
ചെറിയവട്ടം മാത്രം കണ്ടു.
പയ്യെയൊന്നു പറ്റിച്ചേർന്നു
കീഴടങ്ങി

പൊള്ളിച്ചതൊന്നിനെ
മണത്തതിനാലാകണം
കുടവട്ടം
കറുപ്പിന്റെ വ്യാപ്തികളെ
നാലുപാടും
മേയാൻ വിട്ടത്...
കത്തിനിന്ന വെട്ടം
അയഞ്ഞയഞ്ഞ്
ഇരുളിൽ 
ഇടം തേടിയത്
വെറുമൊരു
തണൽമോഹമായതും
പുറം ചാടാനാകാത്ത
അതിർവരമ്പുകൾ
വേലിമുള്ളുകളാൽ
തളക്കപ്പെട്ടതും
ജീവിതമൊരു പന്താട്ടമായി
കുഞ്ഞുവട്ടത്തിലുരുണ്ടുപിരണ്ട്....

ഇനിയൊരു
പുത്തൻ 
ഉയിർപ്പുറത്തേക്ക്

വേണ്ടതുണ്ട്
പൊട്ടിപ്പിറക്കുന്ന
എടുത്തു ചാട്ടം
Comments