സേഫ്റ്റിപ്പിൻ
************
കീറലുകളുടെ ഇഴപിരിയലുകളിൽ
നീറ്റലുണ്ട്
പിളർന്നു പോയവയെ
ഏച്ചെടുക്കാനുള്ള കരുതലാണത്

മുറിഞ്ഞ പൂക്കളുടെ
ഇതൾച്ചതവുകളെ
തോളോടുതോൾ ചേർത്ത്
ചിരിക്കുന്ന
പൂമുഖങ്ങളാക്കിയെടുക്കണം
കൈകോർത്തു വരണം
പോയരൂപങ്ങൾ; ഭാവങ്ങൾ
പണ്ടുപണ്ടെന്നോ എന്ന
പഴഞ്ചൻ വടിവുകളിൽ
ചൊടിച്ചു പൊടിഞ്ഞതൊക്കെ
നീർത്തിനിരത്തണം
പുത്തൻചൊരുക്കുകളുടെ
രാസരസികതയിൽച്ചുരുങ്ങിയാലും
അറിയാതെ, കത്രിക കോറിയതായാലും
സ്വപ്നനെയ്ത്തുകളെ
വീണ്ടേടുത്തേ മതിയാകൂ

ഒറ്റപ്പെട്ട വലിവും കീറലും
ആക്രോശിക്കുന്ന നിലവിളിത്തുണ്ടങ്ങൾ
എല്ലാമൊന്നു കുത്തിക്കൂട്ടി
അടക്കിപ്പിടിക്കാനും
മയം മിനുക്കി
തുളയെടുക്കാനുമുണ്ട്
സുരക്ഷാസൂചികൾ !


Comments

Popular posts from this blog