വിസ്മയങ്ങൾ മരിച്ച വീട്
**********************
ചില വീടുകളുടെ ചുമരുകൾ വിയർക്കാറില്ല
ശ്വാസോച്ഛാസങ്ങളും നിശ്വാസങ്ങളും
തടങ്കൽപാർപ്പാണിവിടെ
അകം വെന്തുപോയതെല്ലാം
പുറം കാണാവിധം
തണുത്തുകൊണ്ടേയിരിക്കും.

പകലിന്റെ പര്യായം
ഇരുളെന്നു മാറ്റിപ്പറഞ്ഞ്
തട്ടുംമുട്ടും തട്ടിപ്പാറ്റി
മുറുക്കിക്കുറുക്കി
കൂർക്കംവിളിച്ചുറങ്ങുന്ന
അലസതയിൽ
അകംപുറം തിരിയാവിധം
കാലം കടന്നുചെല്ലാതെ
ഉറക്കസ്സൂക്ഷിപ്പുകളാണിവിടം

രാക്കനങ്ങളി
ലോകമൊട്ടാകെയുള്ള
വെളിച്ചത്തെ
മോഷ്ടിച്ചുകടത്തി
ഓരോ മുറിയിലുമായി
പൂഴ്ത്തിവെച്ചിട്ടുണ്ടിവിടെ..

രാവുറക്കങ്ങളെ ജപ്തിചെയ്ത്
ഇളകിക്കൊഴുക്കുന്ന അകങ്ങൾ
പ്ലും. പ്ലും..പൊങ്ങി നുരയ്ക്കുന്ന
കുമിളപ്രാന്തുകൾക്ക്
എന്തൊരു ലഹരിയാണ്…..!

അപ്പോഴാണറിയുന്നത്
കവിതയിലേക്കു മുങ്ങിമരിക്കാൻ
ഒരു ലഹരി മാത്രം
വിങ്ങിമങ്ങി
ഒരു മൂലയ്ക്ക്
കരിമ്പടം പുതച്ചു കൂനിയിട്ടുണ്ടെന്നത്

അതിലേക്ക്
വിയർക്കുന്നുണ്ട് ചുമരുകൾ
നൂറായിരം അക്കരപ്പച്ചകൾ
ഒന്നിച്ചു കൊതിപ്പിക്കുന്നുമുണ്ട്...!


Comments