ബഹുമുഖിയാകണം

അവൾ
പ്രണയാരംഭത്തിൽ
ഒരു കുരുന്നാണ്
കൊച്ചു കൊച്ചു കൌതുകങ്ങളോടെ
കൈക്കുമ്പിളിൽ നിന്റെ
കവിൾത്തടം കോരി
കൊഞ്ചിക്കപ്പെടണമെന്ന
മോഹത്തിൽ.
മൃദുലസ്പർശനങ്ങളിൽ
കുണുങ്ങിച്ചിരിച്ച്
മുത്തങ്ങൾക്ക്
മറുമൊഴികൊടുത്ത്
കളങ്കമറ്റ
ഓമനയാകണമവൾക്ക്.

കൌമാരക്കുസൃതികളാകുമവൾ
ഇടയ്ക്കിടെ
നിർഗ്ഗളാഹ്ലാദമായി
തുള്ളിക്കുതറേണ്ടത്
പ്രലോഭനതന്ത്രങ്ങളിൽ
കാമനയുണരാനും
കാമനയുണർത്താനും
വേണ്ടിത്തന്നെ.

ഇനിയുമുണ്ട് അവളണിയുന്ന
അണിയേണ്ടുന്ന മുഖങ്ങൾ
യൌവ്വനയുക്തലഹരിയിലൂടെ
കൈയ്യിണക്കി
മെയ്യിണക്കി
കരളിണക്കി
മനസ്സിണക്കി
പ്രണയപ്പടവൊന്നൊന്നായ്
പുതുവലയവിന്യാസങ്ങളിൽ
പുത്തനറിവുകളിലലകളായി
അടിവെച്ചടിവെച്ച്

അമ്മക്കരുത്തിന്റെ
അഭിവാഞ്ഛയും
വേണമതിന്
ഉടലുകളുയിരിനൊപ്പം
കൊടുമുടി പൂകണമവൾക്ക്

അവൾ
ബഹുമുഖിയായി
വാർദ്ധകത്തെയും വെന്നുകൊണ്ട്

പ്രണയവർണ്ണങ്ങൾ പെയ്യിക്കും.

Comments

Popular posts from this blog