കിനാവിലെ കുഴലൂത്ത്
**************************
ഗര്ഭത്തകിടിയിലേ
ദര്ഭമുനകൾവിരിച്ച ശരശയ്യയിൽ
അവളുടെ നഗ്നതയുറങ്ങിശ്ശീലിച്ച
ചുരുളൽ വഴക്കം
ഏറ്റെടുത്തെത്രയോ
ശകാരക്കുത്തുകൾ.....
പിറവിയിലെ
ഉടൽച്ചോപ്പ് സാക്ഷ്യം

പിഴച്ചുപെറ്റ സത്യങ്ങൾ തിളച്ച
മിഴികൾ കലങ്ങിയതിൽ
ഭയപ്പൂട്ടിട്ട് രക്തം ഉടക്കിനിന്നതാണ്...

വാവിട്ട പ്രാക്കുകളുടെ തോരാവൃഷ്ടിയിൽ
സര്പ്പകൗതുകങ്ങൾ വലയമിട്ട നിമിത്തങ്ങളിൽ
കിടന്നിഴഞ്ഞ പുൽപ്പൊന്തയിൽ നിന്നും
പൊടുന്നനെയായിരുന്നു പലായനം...

മുറ്റിയ മുൾക്കാട്ടിലേയ്ക്ക്

ആത്മരക്ഷാര്ത്ഥം
തെരഞ്ഞെടുത്ത മുൾക്കോട്ടയ്ക്കകം
സ്വന്തമെന്നൊരു മുളന്തടി പുണരുമ്പോഴും
അവളൊരു മോഹമൈതാനിയി
ഒരിടയന്റെ പുല്ലാങ്കുഴലൂത്ത്
കേൾക്കുന്നുണ്ടായിരുന്നു...!

Comments