കാറ്റ്

എന്നോടാണോ
…..ഹും… ?
ഞാൻ വരും,പോകും
ഇടവഴികൾ
ഊടുവഴികൾ
മൈതാനങ്ങൾ
മലയോരങ്ങൾ
പുഴയോരങ്ങൾ
ദേവാലയമുറ്റങ്ങൾ
നഗരക്കോപ്രായവീഥികൾ
ഞാനെല്ലായിടത്തും ചെല്ലും
ചിലപ്പോൾ
പരിസരം മറന്ന്
നിന്നെയും 
ഭാര്യയേയും 
കാമുകിയേയുമെല്ലാം
തൊട്ടുംമുട്ടിയും
ഇക്കിളിപ്പെടുത്തും
മെല്ലെമെല്ലെ തോലോലിച്ചുതഴുകും
പൊട്ടിച്ചിരിപ്പിക്കും
നിന്റെ രഹസ്യയറകളിലോടിനടക്കും
എല്ലാമൊളിഞ്ഞു കാണും
എന്നോട് 
വിരോധിക്കാമോ…?
ക്ഷോഭിച്ചാൽ
ഞാൻ
കലപിലകൂട്ടും
വീശിയടിക്കും
ചിലപ്പോൾ
ആഞ്ഞാഞ്ഞടിച്ച്
എല്ലാം പൊഴിച്ചുവിതറി
പൊളിച്ചു ചിതറിക്കും
കടപുഴക്കിയെന്നുമിരിക്കും
നീയപ്പോൾ 
നിരായുധനായി
എന്നെയെങ്ങനെ 
തോൽപ്പിക്കാൻ…?
എനിക്കറിയാം
കിംവദന്തികളെ
നാലുപാടും 
ചെവികളിലെത്തിക്കാൻ
രഹസ്യങ്ങളെ 
പുഴയിലൊഴുക്കാൻ
അടക്കങ്ങളെ 
പൊട്ടിച്ചെറിയാൻ
എന്തിനേയും 
ഏതിനേയും
മായ്ക്കാൻ 
തിരുത്താൻ
കുഴിച്ചുമൂടാൻ
പുറത്തേക്ക് 
തുറന്നുകാട്ടാൻ
എന്നോടു വേണോ  
വീറും വാശിയും…?
അടച്ചിരുന്നാലും
ഒളിച്ചോടിയാലും
കവചമണിഞ്ഞാലും
നീയെനിക്ക് 
പഞ്ഞിക്കനം മാത്രം
എന്റെ ന്യൂനമർദ്ദപ്പെയ്ത്തുകളും
ഭീമൻപ്രഹരങ്ങളും 
കൊണ്ടിട്ടും
അറിയുന്നില്ലേ നീയെന്നെ…?

Comments