ആ വാക്ക് 
*********************
എവിടെ, ആ വാക്ക് ???
കരളില്‍ കനൽത്തുടുപ്പേറ്റുന്ന
മിഴികളില്‍ തിളജലംതുള്ളിക്കും, 
അമ്പിന്റെ മുനയുള്ള വാക്ക് ?

പുഴ മേല്ലെപ്പുളയുമൊഴുക്കിന്‍ 
കിലുക്കങ്ങ, ളവകളെക്കൊത്തി 
ക്കൊറിച്ചുംകൊണ്ടോടുന്നു 
പച്ചകം പാടെവിഴുങ്ങുന്നു 
മണ്മാനം കവരുന്നു കുർപ്പുകള്‍

കാടകം കൊട്ടിപ്പിളർന്നിട്ടു
മൃഗവാഞ്ഛ നാടിറങ്ങുമ്പോള്‍
പോയകാലത്തിന്റെ പ്രാക്കുകള്‍ 
ചേക്കയേറുമ്പോളലറുന്നു ദിക്കുകള്‍ 
എന്റെനിന്റെയെന്നലോസരം
കാറ്റുകള്‍ വൃഥാ മൂളൂമപസ്വരം 
നിനവാർന്ന കണ്ഠത്തില്‍ 
തീത്തുള്ളലൊച്ചകള്‍

കടംകൊണ്ട വ്യഥയുടെ തീരത്തു
നിന്നു വിതുമ്പുന്നു 
വിടയാകും മുമ്പെത്ര 
ബാദ്ധ്യതകള്‍ തീർക്കണം
മാന്തിമറിച്ചിട്ട പുഴയ്ക്കതിന്‍ 
മണൽക്കടം 
ആഹരിച്ചേറ്റിയ പച്ചകള്‍, 
മണ്ണിന്
കുടിച്ചുവറ്റിച്ചയാഴങ്ങള്‍ , 
കിണറിന്
ഊറ്റിവലിച്ചതാം ശ്വാസങ്ങള്‍, 
കാറ്റിന്

അഗ്നിസ്ഫുലിംഗങ്ങളായെന്റെ 
നാവിന്റെ തുമ്പില്‍ 
പൊള്ളിപ്പോലിയ്ക്കുന്ന വാക്കേ 
വളയുമൊരു വില്ലായി 
ക്ഷോഭത്തില്‍ രാകിയോരമ്പായി 
ദിശ മറന്നോടുന്നകാലക്കരുത്തിനെ 
തുളയിട്ടൊരല്പം തെളിക്കണം


വേണമെനിക്കു, വാഴ്വിന്റെ 
പൊറുതിയ്ക്കിടം തന്ന വാക്കേ
നിന്റെ വിരൽത്തുമ്പെനിക്കൊന്നു 
കോർക്കണം , ചൂണ്ടണം, 
ചൂഴ്ന്നുകണ്ടെത്തണം ,
എന്നകം നീരണിഞ്ഞുറയുന്ന മൺതടം
ഈറനുടുക്കുന്ന നോക്കിടം 
ഇമ്പം സ്ഫുരിക്കുന്ന നേരിടം.

വേണമെനിക്കു ,വാഴ്വിന്റെ 
പൊറുതിക്കിടം തന്ന വാക്കേ
ഒരു സംക്രമണദ്യുതിയായി
ത്തെളിയണം, നീ വീണ്ടുമൊരു
നൽവിതയായിക്കവിയണം
            *******

Comments

Popular posts from this blog